india

സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

By webdesk14

August 23, 2025

ന്യൂഡൽഹി: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് കേസിൽ തല്‍സ്ഥിതി തുടരാൻ സുപ്രിംകോടതി ഉത്തരവ്. പള്ളി കമ്മിറ്റി നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.

സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട കേസിന് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള തടസമില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി അപ്പീല്‍ നല്‍കിയത്. രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്നാണ് 1991ലെ നിയമം പറയുന്നത്. പുരാതന ആരാധനാലയങ്ങളില്‍ മറ്റുള്ളവര്‍ അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് ബാബരി മസ്ജിദിലെ അവകാശവാദത്തെ തുടര്‍ന്ന് നിയമം പാസാക്കിയത്.

സംഭല്‍ മസ്ജിദിനെതിരായ കേസ് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമദി വാദിച്ചു.

എന്നാല്‍, ഹൈക്കോടതി വിധി ശരിയാണെന്നായിരുന്നു ഹിന്ദുത്വ പക്ഷത്തിന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്നിന്റെ വാദം. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകമായ സംഭല്‍ മസ്ജിദ് ആരാധനാലയ സംരക്ഷണ നിയമത്തിന് കീഴില്‍ വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് മുമ്പ് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അയാള്‍ വാദിച്ചു. തുടര്‍ന്ന് ആ വിധിയുടെ പകര്‍പ്പ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്.