kerala

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസ്; സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

By webdesk14

August 29, 2024

നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും. നടിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് സെക്രട്ടേറിയറ്റിൽ നടക്കുന്നതിനിടെ അതിക്രമം കാണിച്ചെന്നാണ് കേസ്. അതേസമയം ഷൂട്ടിംഗിനായി വാടകക്ക് കൊടുത്തതിന്റെ വിശദാംശങ്ങൾ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിന് പോലീസ് കത്ത് നൽകി.

തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാണ് പരാതി.