Sports

രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പിടിമുറുക്കം; മുത്തുസ്വാമിയുടെ അര്‍ദ്ധസെഞ്ചുറി തിളക്കം

By webdesk18

November 23, 2025

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.

രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്നെ സെനുരാന്‍ മുത്തുസ്വാമി കൂട്ടുകെട്ട് പിരിയാത്ത ഏഴാം വിക്കറ്റിന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ദിവസം 247/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 56 റണ്‍സ് നേടിയ മുത്തുസ്വാമി ഇപ്പോള്‍ വരെ ടോപ് സ്‌കോററാണ്. 38 റണ്‍സോടെ കൈല്‍ വെരെയ്നെയും അദ്ദേഹത്തോടൊപ്പം ക്രീസില്‍ നില്‍ക്കുന്നു.

ആദ്യ ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പ്രകടനത്തില്‍ എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്ലത്തണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്സ് (49), ക്യാപ്റ്റന്‍ തെംബ ബവൂമ (41), ടോണി ഡി സോഴ്സി (28) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി.

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് തെളിയിച്ചു.