kerala

ടെലഗ്രാം തട്ടിപ്പ് ജാഗ്രത: പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്

By webdesk17

September 29, 2025

കോഴിക്കോട്: ടെലഗ്രാമിലൂടെ പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍. തട്ടിപ്പ് സംഘങ്ങള്‍ ആദ്യം ചെറിയ ജോലികള്‍ കൊടുത്ത് പണം ട്രാന്‍സ്ഫര്‍ ചെയ്ത് വിശ്വാസം നേടി, പിന്നീട് വലിയ ടാസ്‌കുകള്‍ക്ക് സര്‍വീസ് ചാര്‍ജിന്റെ പേരില്‍ വലിയ തുക ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കുന്നമംഗലം സ്വദേശിയായ 21 കാരനെ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ഡോക്ടറില്‍ നിന്നും പണം തട്ടിയ മറ്റൊരു കേസിലും അറസ്റ്റ് നടന്നിരുന്നു.

സംഘങ്ങള്‍ ആദ്യം വാട്ട്സാപ്പിലൂടെയോ മറ്റ് ചാറ്റ് ആപ്പുകളിലൂടെയോ ബന്ധപ്പെടും. ഹോട്ടലുകള്‍ക്ക് റിവ്യൂ എഴുതുന്ന പോലുള്ള എളുപ്പ ടാസ്‌കുകള്‍ കൊടുത്ത് ചെറിയ തുക നല്‍കി വിശ്വാസം നേടിയ ശേഷം, ടെലഗ്രാം ഗ്രൂപ്പുകളില്‍ കൂട്ടിക്കൊണ്ടുപോകും. അവിടെ വലിയ തുക ലഭിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ച് ആളുകളെ കുടുക്കും.

ആദ്യഘട്ടത്തില്‍ കിട്ടിയ പ്രതിഫലത്തിന്റെ ആത്മവിശ്വാസത്തില്‍ ഇരകള്‍ ലക്ഷങ്ങള്‍ വരെ നഷ്ടപ്പെടുകയാണ്. ടെലഗ്രാമിന്റെ നിയന്ത്രണങ്ങള്‍ ശൂന്യമാണെന്നതാണ് സംഘങ്ങള്‍ക്ക് സഹായകരമാകുന്നത്.