അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു