kerala

കുഞ്ഞിനെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; വിചാരണ ദിവസം ആത്മഹത്യക്ക് ശ്രമിച്ച് പ്രതിയായ അമ്മ

By nazmiya nazreen

January 20, 2025

കണ്ണൂരില്‍ കൈ കുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ വിചാരണ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തശേഷം വിഷം കഴിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാരാണ് ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല.

കേസില്‍ തളിപ്പറമ്പ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യാശ്രമം. 2020 െഫബ്രുവരി 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ എടുത്തുകൊണ്ടുപോയി ശരണ്യ വീടിനു സമീപത്തെ കടലില്‍ എറിഞ്ഞെന്നാണ് കേസ്.

പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അവര്‍ കുറ്റം സമ്മതിച്ചത്.