ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതി ഉദ്യോഗസ്ഥയെ നിരന്തരം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നതായി കോടതി കണ്ടെത്തി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശം പ്രതിക്കുണ്ടായിരുന്നു. മരിക്കാനുളള തിയതി നിശ്ചയിക്കാന്‍ വരെ സുകാന്ത് സുരേഷ് ആവശ്യപ്പെട്ടു.
2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളവും യുവതി പ്രതിക്ക് നല്‍കിയതായും സുകാന്തിനെ കസ്റ്റഡിയില്‍ എടുത്തുളള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഉദ്യോഗസ്ഥ ജീവനൊടുക്കാനുളള സാഹചര്യം വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
മാര്‍ച്ച് 24-നാണ് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു