kerala

മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവം; പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടി

By webdesk18

February 16, 2025

കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി നേപ്പാളില്‍ നിന്ന് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.

2022ലാണ് മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ്കുട്ടി മരുമകന്‍ ലുഖ്മാനുല്‍ ഹക്കീമിനെ കൊലപ്പെടുത്താന്‍ ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപ നല്‍കി ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് ഇയാളെ തട്ടിക്കൊണ്ടുപേവുകയും മര്‍ദിച്ച് അവശനാക്കി ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആക്രമിസംഘം ലുഖ്മാനുല്‍ ഹക്കീമിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുനിന്ന് ഫെബുവരി 12ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ശനിയാഴ്ച ചേവായൂര്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.