ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷമായി പ്രതികരിച്ചു. മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ച കോടതി, ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ക്കുശേഷവും മാറ്റമൊന്നും കാണാനാകുന്നില്ലെന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.
രണ്ടുമാസം മുമ്പ് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടും ബംഗാളും തെലുങ്കാനയും ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ”രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനങ്ങള്‍ കോടതിയുടെ ഉത്തരവുകളെ അവഗണിക്കുന്നത് ഗൗരവമായ കാര്യമാണ്,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
മറുപടി സമര്‍പ്പിക്കാത്തതിന് കാരണമായി ചില സംസ്ഥാനങ്ങള്‍ ”രേഖാമൂലം നോട്ടീസ് ലഭിച്ചില്ല” എന്നത് ഉന്നയിച്ചപ്പോള്‍, കോടതി അതിനെ അംഗീകരിച്ചില്ല. ”മാധ്യമങ്ങളില്‍ നോട്ടീസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും അത് ശ്രദ്ധയില്‍ പെട്ടില്ലേയെന്ന്?” സുപ്രീംകോടതി ചോദിച്ചു.
ചീഫ് സെക്രട്ടറിമാര്‍ അടുത്തമാസം മൂന്ന് തീയതി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും, വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദേശം. ഹാജരാകാതിരുന്നാല്‍ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കി.
കോടതി കൂടി നിരീക്ഷിച്ചത്, തെരുവുനായ ആക്രമണങ്ങള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ പോലും ബാധിക്കുന്നുവെന്നതാണ്.