india

അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളില്ല; അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം

By webdesk18

May 11, 2025

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇന്ന് സ്ഥിതി ശാന്തം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം നടന്നിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ അക്രമസംഭവങ്ങള്‍നടന്നതായി റിപ്പോര്‍ട്ടുകളില്ല. പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും നിയന്ത്രണങ്ങളും പിന്‍വലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഇന്നലെയുണ്ടായ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

എന്നാല്‍ അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ ലൈറ്റുകള്‍ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയില്‍ ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.