ലൈഫ് പദ്ധതി വന്നതോടെ കിട്ടുന്ന വീട് നിർമ്മാണ ഫണ്ടും മുടങ്ങി പെരുവഴിയിലായി ആദിവാസികൾ. പാലക്കാട് അട്ടപ്പാടിയിൽ പാതിവഴിയിൽ വീടുപണി നിർത്തിയ കുടുംബങ്ങൾക്ക് മറ്റ് സർക്കാർ പദ്ധതികളിൽ നിന്നും വീട് നിർമാണത്തിനായി പണം ലഭിക്കാത്ത സാഹചര്യമാണ്.
ലൈഫ് ഭവന പദ്ധതി ആരംഭിച്ചതോടെ ട്രൈബൽ വകുപ്പ് വീട് നിർമാണത്തിന് ഫണ്ട് നൽകുന്നത് അവസാനിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിൽ നിന്നാണെങ്കിൽ യഥാസമയം ഫണ്ടുമില്ല. പലരുടെയും വീട് പണി പാതിവഴിയിൽ നിന്നുപോയി. ഒരു സർക്കാർ പദ്ധതിയിൽനിന്നും വീട് അനുവദിച്ചതിനാൽ ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ ഉള്ളവയിൽ നിന്നും അതേ കുടുംബത്തിന് പണം അനുവദിക്കാൻ കഴിയില്ല. ഇതൊടെ പ്രതിസന്ധിയിലായ നിരവധി ആദിവാസി കുടുംബങ്ങൾ അട്ടപ്പാടിയിലുണ്ട്. ലൈഫ് ഭവന പദ്ധതി വന്നതോടെ 2017 മുതൽ മറ്റ് ഒരു പദ്ധതി വഴിയും വീട് നിർമാണത്തിന് ഫണ്ട് നൽകുന്നില്ല. ഇതാണ് വീട് നിർമ്മാണം പ്രതിസന്ധിയിലാക്കിയത്.