പത്തനംതിട്ട: അടൂര്‍ ആനന്ദപ്പള്ളിയില്‍ വീടുനിര്‍മാണത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പെരുവഴിയിലായി കുടുംബം. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ സ്വകാര്യബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. കഴിഞ്ഞ 16 ദിവസമായി വീടിന്റെ തിണ്ണയിലെ പരിമിതമായ സ്ഥലത്താണ് വൃദ്ധ ദമ്പതികളായ സുകുമാരനും ഉഷയും അന്തിയുറങ്ങുന്നത്. ഭക്ഷണം പോലും നേരെ പാകം ചെയ്യാനാകാതെ ദുരിതത്തിലായിരിക്കുകയാണ് രോഗികളായിവര്‍.
കഴിഞ്ഞ മാസം 27നാണ് വീട് ജപ്തി ചെയ്തത്. വീടിന്റെ നിര്‍മാണത്തിനായി മകന്റെ പേരില്‍ എട്ട് ലക്ഷത്തിലേറെയാണ് വായ്പയെടുത്തത്. മകന് ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്നതിനാല്‍ പകുതിയിലേറെ രൂപ കൃത്യമായി അടച്ചു. തുടര്‍ന്ന് കൊവിഡ് വ്യാപനകാലത്ത് മകന്റെ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. നാട്ടില്‍ വല്ലപ്പോഴും മാത്രം പണി കിട്ടാന്‍ തുടങ്ങിയതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയാതെയായി. മറ്റെവിടെയെങ്കിലും മാറാന്‍ മകന്‍ വിളിച്ചെങ്കിലും സ്വന്തം വീട് വിട്ട് എങ്ങനെ വരാനാണെന്ന് വേദനയോടെ പറയുകയാണ് മാതാപിതാക്കള്‍. മാസങ്ങളായി ഇരുവരും മരുന്നുകള്‍ കഴിച്ച് വരികയാണ്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനാലുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ബാങ്കില്‍ നിന്നുള്ള വിശദീകരണം.