മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം തുടങ്ങി. കേസിന്റെ പ്രോസിക്യൂഷന്‍ പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
2015 സെപ്റ്റംബര്‍ 28-ന് ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രിക്ക് സമീപമുള്ള ബിസാദ ഗ്രാമത്തിലാണ് 52-കാരനായ മുഹമ്മദ് അഖ്‌ലാഖ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ വന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു കൊന്നത്. അഖ്‌ലാഖിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് കത്ത് ലഭിച്ചതായി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭഗ് സിംഗ് ഭാട്ടി ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു. ‘അഖ്‌ലാഖ് കൊലക്കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരായ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷ സുരാജ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, ഡിസംബര്‍ 12 ന് ഇത് പരിഗണിക്കും,’ ഭാട്ടി വ്യക്തമാക്കി.