News

ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ 20 ഇന പദ്ധതി

By webdesk17

September 30, 2025

വാഷിംഗ്ടണ്‍: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീന്‍ രാഷ്ട്രത്തിനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ 20 ഇന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയെ പിന്തുണക്കുന്നതായി പറഞ്ഞു. എന്നാല്‍ പദ്ധതി അംഗീകരിക്കുന്നതുമായി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ പദ്ധതി ഗസ്സയില്‍ ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു. അതേസമയം, ഭാവിയിലെ ഭരണപരമായ പങ്കില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശിക്കുന്നു.

ട്രംപ് മുന്നോട്ട് വെച്ച 20 ഇന പദ്ധതി

1. ഗസ്സ ആകമാനം നിരായുധീകരണം. അയല്‍പക്കത്തിന് (ഇസ്രഈല്‍) ഭീഷണിയാകാത്ത ടെറര്‍ ഫ്രീ സോണ്‍.

2. ഗസ്സ നിവാസികള്‍ക്ക് ഉപകരിക്കും വിധത്തില്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മാണം.

3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രഈലി സൈന്യം നടപടികള്‍ നിര്‍ത്തിവെക്കും ക്രമേണ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങും.

4. ഡീല്‍ അംഗീകരിക്കുന്ന കാര്യം ഇസ്രഈല്‍ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെയും ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.

5. ബന്ദികള്‍ തിരിച്ചെത്തിയാലുടന്‍ ഇസ്രഈല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും ഒക്‌ടോബര്‍ 7ന് ശേഷം അറസ്റ്റിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1700പേരെയും ഇസ്രാഈല്‍ വിട്ടയക്കും.

6. ബന്ദികള്‍ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സമാധാനത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗസ്സ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത അനുവദിക്കും.

7. കരാറില്‍ തീരുമാനമായാല്‍ ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകള്‍ അനുവദിക്കും. വൈദ്യുതി, കുടിവെള്ള, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ പുന:സ്ഥാപിക്കും.

8. ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യും. യുഎന്നും റെഡ് ക്രസന്റും അതിന് നേതൃത്വം വഹിക്കും. റഫ അതിര്‍ത്തി ഇരു ഭാത്തേക്കും തുറക്കും.

9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്നോക്രാറ്റുകള്‍ അടങ്ങുന്ന താല്‍കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യന്‍ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യുഎസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരിക്കും ഇതിന് നേതൃത്വം വഹിക്കുക. മുന്‍ ബ്രിട്ടീഷ് പ്രധാനന്ത്രി ടോണി ബ്ലെയറും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി തങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിക്കും വരെ അന്താരഷ്ട്ര ഭരണ സംവിധാനം തുടരും.

10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങള്‍ നിര്‍മിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മിക്കാന്‍ ഒരു സാമ്പത്തിക പ്ലാന്‍ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.

11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

12. ആരെയും ഗസ്സയില്‍ നിന്ന് നിര്‍ബന്ധിച്ചു പുറത്താക്കില്ല. ആര്‍ക്കെങ്കിലും പുറത്തുപോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ മടങ്ങിവരാനും അനുവദിക്കും. ഗസ്സയില്‍ തന്നെ തുടരാന്‍ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.

13. ഗസ്സ ഭരണത്തില്‍ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകള്‍ ഉള്‍പ്പെടെ പുതിയ സായുധ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കില്ല. നിരായുധീകരണ പ്രക്രിയ ഉറപ്പാക്കാന്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കും

14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകള്‍ പാലിക്കുന്നുവെന്നും ഇസ്രഈലിന് ഭീഷണിയാകില്ലെന്നും വിലയിരുത്താന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്റി.

15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങള്‍ എന്നിവയുമായി സഹകരിച്ച് യുഎസ് ഒരു ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്സ് വികസിപ്പിക്കും. ഉടനടി തന്നെ ഈ സേനയെ ഗസ്സയില്‍ വിന്യസിക്കും. സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീന്‍ പൊലീസ് സേനയെ പരിശീലിപ്പിക്കും.

16. ഇസ്രഈല്‍ ഗസ്സ കൈയേറുകയോ അനക്സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകള്‍ക്ക് പ്രദേശം കൈമാറി ഐഡിഎഫ് പിന്‍വാങ്ങും. അയല്‍ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഗസ്സ ഒരു വെല്ലുവിളിയും ഉയര്‍ത്തില്ല.

17. ഈ നിര്‍ദേശങ്ങള്‍ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ മേല്‍പറഞ്ഞ പോയിന്റുകള്‍ ടെറര്‍ ഫ്രീ മേഖലകളില്‍ നടപ്പാക്കും. അവിടം ഇന്റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്സിന് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കൂടിയാണിത്)

18.ഗസ്സ ജനതയെ ‘തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള’ പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.

19 ഗസ്സ പുനര്‍നിര്‍മാണം പുരോഗമിക്കുമ്പോള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാര്‍ഗരേഖ നിലവില്‍ വരും.

20. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇസ്രഈലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്‍ സംഭാഷണം.

എന്നാല്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം എന്നത് ഒരു അവ്യക്തമായ സാധ്യതയായി മാത്രമേ ഉയര്‍ത്തിക്കാട്ടപ്പെടുന്നുള്ളൂ എന്ന് ദി ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു. ഗസ്സയിലെ ചര്‍ച്ചകളില്‍ ഖത്തര്‍ ഒരു നിര്‍ണായക പങ്കാളിയായി തുടരും. ഏറ്റവും പുതിയ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് വാഷിംഗ്ടണ്‍ പ്രതീക്ഷിക്കുന്നു.