kerala

വഖഫ് ഭേദഗതി മൗലികാവകാശ ലംഘനം; മുസ്‌ലിം യൂത്ത് ലീഗ് ചലോ രാജ് ഭവന്‍ ഏപ്രില്‍ 16ന്

By nazmiya nazreen

April 04, 2025

കോഴിക്കോട്: ഓരോ പൗരനും ഭരണഘടന ഉറപ്പ്‌നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിച്ചും പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വഖഫ് ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ന് ബുധനാഴ്ച്ച രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തി കാട്ടിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങളെ ഇല്ലാതാക്കുന്ന നയങ്ങളാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന കൃത്യമായ അവകാശം ഓരോ ഇന്ത്യന്‍ പൗരനും നല്‍കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങള്‍ക്ക് ദൈവത്തിന് സമര്‍പ്പിക്കുന്ന സ്വത്തുക്കളാണ് വഖഫ്. ഇത് കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനും ഓരോ സംസ്ഥാനത്തും വഖഫ് ബോര്‍ഡുകളും വഖഫ് കൗണ്‍സിലുകളുമുണ്ട്. എന്നാല്‍ ഈ അധികാരത്തില്‍ കൈകടത്തി മുസ്ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കാനും സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുമാണ് ഭേദഗതിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമ ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കളിന്‍മേല്‍ നിയന്ത്രണം സ്ഥാപിക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു. ഇത് മൂലം പല വഖഫ് സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം മുസ്ലിം സ്ഥാപനങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും.

ഭിന്നിപ്പിന്റെ രാഷ്ട്രീയം അധികാരത്തിന്റെ കരുത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയര്‍ത്തി കൊണ്ട് വരാനാണ് ഏപ്രില്‍ 16ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ചലോ രാജ്ഭവന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥം ഏപ്രില്‍ 5 ന് ശനിയാഴ്ച്ച നിയോജക മണ്ഡലം തലത്തില്‍ പ്രതിഷേധ വിളംബരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.