ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്‍വചനമില്ലെന്നും കോടതി നിരീക്ഷിച്ചു.

2015 മാര്‍ച്ചിലാണ് എം.എല്‍.എമാരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയുമായിരുന്നു. ഇതിനെതിരെ ആപ്പ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

തിരക്കിട്ട് ഇരട്ടപ്പദവി വിഷയത്തില്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവം ആം ആദ്മി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന മോദി സര്‍ക്കാറിന്റ നടപടിയുടെ ഭാഗമായിരുന്നു എന്നാണ് പരക്കെ ആക്ഷേപം . ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സമാനരീതിയില്‍ എം.എല്‍.എമാര്‍ ഇരട്ടപ്പദവി വഹിക്കുമ്പോഴും അതിനെതിരെ നടപടിയെടുക്കാന്‍ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഇരട്ടത്താപ്പ് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

വിധി അറിഞ്ഞ ശേഷം സത്യം ജയിച്ചെന്നും ഡല്‍ഹിയുടെ ജനങ്ങളുടെ വിജയമാണ് കോടതി വിധിയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമാണ് ആം ആദ്മിക്കുള്ളത്. ഇതില്‍ ഇരുപത് പേരെയായിരുന്നു ഇരട്ടപ്പദവിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി ഉത്തരവിട്ടത്.