india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

By webdesk18

May 23, 2025

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.