ഗുവാഹത്തി: അസമില്‍ തോട്ടംതൊഴിലാളികള്‍ ഡോക്ടറെ തല്ലിക്കൊന്ന സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. 21 പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ റോഷ്‌നി കൊരാതി അറിയിച്ചു. ഗുവാഹത്തട്ടിയില്‍ നിന്ന് 300 കി.മി. അകലെയുള്ള ജോര്‍ഹാട്ടിലെ തേയിലത്തോട്ടത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

എസ്‌റ്റേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്നയാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് 73 കാരനായ ഡോക്ടര്‍ ദേബന്‍ ദത്തയെ 250 ഓളം വരുന്ന തൊഴിലാളികള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാജിക്ക് അടിയന്തിര വൈദ്യസഹായം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു കയ്യേറ്റം. ഡോക്ടറെ ആസ്പത്രി മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കുപ്പിക്കഷ്ണങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പിന്നീട് പൊലീസെത്തിയാണ് ഡോക്ടറെ ആസ്പത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്‌റ്റേറ്റ് അടച്ചിട്ടതായി മാനേജ്‌മെന്റ് അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 48 മണിക്കൂര്‍ പണിമുടക്കിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തിരുന്നു.