ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ സാഹസിക വിനോദത്തിനിടെ ഭയാനക അപകടം. ശിവപുരിയില്‍ ബഞ്ചി ജമ്പിങ്ങിനിടെ കയര്‍ പൊട്ടി 180 അടി ഉയരത്തില്‍ നിന്ന് വീണ് 24കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തപോവന്‍-ശിവപുരി റോഡിലുള്ള ത്രില്‍ ഫാക്ടറി അഡ്വഞ്ചര്‍ പാര്‍ക്കിലായിരുന്നു ബുധനാഴ്ച സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പരിക്കേറ്റയാള്‍ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ സോനു കുമാറാണ്. ഇയാളെ ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാഹസിക വിനോദത്തിനായി സോനു ശിവപുരിയിലെത്തിയതാണെന്ന് പൊലീസ് അറിയിച്ചു. ബഞ്ചി ജമ്പിങ്ങിനിടെ പെട്ടെന്ന് കയര്‍ പൊട്ടി 180 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണു. ടിന്‍ഷീറ്റിട്ട ഷെഡിന് മുകളിലായാണ് ഇയാള്‍ വീണത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.