ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന പരമ്പരാഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ (പാകിസ്താനി താലിബാന്‍) ഏറ്റെടുത്തു. ആക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി ദേരാ ഇസ്മായില്‍ ഖാന്‍ ജില്ലയിലെ പൊലീസ് ട്രെയിനിങ് സ്‌കൂളിന് നേരെ നടന്ന ചാവേര്‍ ആക്രമണം ഏറ്റവും രൂക്ഷമായതായിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഉപയോഗിച്ച് പ്രധാന ഗേറ്റ് ഇടിച്ചുതകര്‍ത്ത് ഭീകരര്‍ അകത്തേക്ക് കയറി. തുടര്‍ന്ന് വന്‍ സ്‌ഫോടനവും വെടിവയ്പ്പും നടന്നു. അഞ്ച് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്കേറ്റു.
എസ്എസ്ജി കമാന്‍ഡോകളും അല്‍-ബുര്‍ഖ സേനയും ചേര്‍ന്നാണ് പ്രത്യാക്രമണം നടത്തിയത്. ആറു ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
പാകിസ്താനില്‍ കഴിഞ്ഞ മാസങ്ങളിലായി താലിബാന്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ സംഭവം രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.