india

2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍

By webdesk17

November 25, 2025

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന്‍ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന്‍ ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന്‍ ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.

ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന്‍ ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.

പവന്‍ ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന്‍ ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന്‍ ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.