ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്. നോട്ടു ക്ഷാമം മിക്ക സംസ്ഥാനങ്ങള്‍ക്കും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധിക്കു പിന്നാലെ കേരളത്തില്‍ രണ്ടു ദിവസമായി ശമ്പള, പെന്‍ഷന്‍ വിതരണവും തടസ്സപ്പെട്ടു. ട്രഷറികളില്‍ മതിയായ കറന്‍സികളില്ലാത്തതാണ് സംസ്ഥാനത്തുടനീളം ശമ്പളവും പെന്‍ഷനും നല്‍കുന്നത് പ്രതിസന്ധിയിലായത്. ആവശ്യപ്പെട്ടത് 140.57 കോടി രൂപയാണെങ്കിലും ഇന്നലെ ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 99.83 കോടി രൂപ മാത്രമായിരുന്നു.

bankoffarrested

അതിനിടെ , പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ആറു പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. നോട്ടു മാറ്റി നല്‍കിയതുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ തിരിമറികള്‍ നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആദായനികുതി ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളം നടത്തിയ പരിശോധനയില്‍ വ്യാപക തിരിമറികള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ബംഗളൂരുവിലെ രണ്ട് വ്യാപാരികളില്‍ നിന്ന് 5.7 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.