Film

27 മത് ഐ.എഫ്.എഫ്.കെ യുടെ വിളമ്പര ജാഥ 15ന് കാസര്‍കോട്ട് ആരംഭിക്കും

By Test User

November 12, 2022

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് @iffklive യുടെ വരവറിയിച്ചുകൊണ്ട് ടൂറിംഗ് ടാക്കീസിന്റെ വിളംബര ജാഥ നവംബര്‍ 15ന് കാസര്‍കോട് നിന്ന് ആരംഭിക്കും. 13 ജില്ലകളിലായി ചലച്ചിത്ര പ്രദര്‍ശനം നടത്തിയ ശേഷം ടൂറിംഗ് ടാക്കീസ് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് സമാപിക്കും. മുന്‍വര്‍ഷങ്ങളിലെ ചലച്ചിത്രമേളകളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച സംവിധാനത്തിനുള്ള രജതചകോരം, മികച്ച നവാഗത സംവിധാനത്തിനുള്ളനുള്ള രജതചകോരം, പ്രേക്ഷകപുരസ്‌കാരം എന്നിവ ലഭിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

‘നല്ല സിനിമ നാട്ടിന്‍പുറങ്ങളിലേക്ക്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച് നടപ്പാക്കിയ ടൂറിംഗ് ടാക്കീസ് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലെ കോളേജുകള്‍, കലാസാംസ്‌കാരിക സംഘടനകള്‍, ഫിലിം സൊസൈറ്റികള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിളംബരജാഥ നടത്തുന്നത്. 27ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനായി എല്ലാ ചലച്ചിത്രപ്രേമികളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും സംഘാടകര്‍ അറിയിച്ചു.