kerala

ശിശുക്ഷേമ സമിതിയില്‍ 28 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്; മുഴുവന്‍ സമയ ഡയറ്റീഷ്യന്‍ വേണമെന്ന ആവശ്യം കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്

By webdesk17

August 25, 2025

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ 28 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ്. മുഴുവന്‍ സമയ ഡയറ്റീഷ്യന്‍ വേണമെന്ന ആവശ്യം അവഗണിച്ച് ആരോഗ്യവകുപ്പ്.

139 കുഞ്ഞുങ്ങളാണ് തൈക്കാട് ശിശുക്ഷേമസമിതിയിലെ കേന്ദ്രത്തിലുള്ളത്. ഇതില്‍ 63 പേരൊഴികെയുള്ളവര്‍ക്ക് പോഷകഹാരക്കുറവുണ്ട്. നിലവില്‍ തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷ്യനെത്തിയാണ് കുട്ടികള്‍ക്കുള്ള ആഹാരക്രമം തീരുമാനിക്കുന്നത്. മുട്ട, പാല്‍ തുടങ്ങി ഓരോ കുട്ടികള്‍ക്കും നല്‍കേണ്ട ആഹാരക്രമം ഈ ഡയറ്റീഷ്യന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനിക്കുന്നത്.

കുട്ടികളുടെ ഭാരവും, ഉയരവും കണക്കാക്കിയാണ് പോഷകക്കുറവ് തീരുമാനിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് ആശുപത്രി സൂപ്രണ്ട്, കഴിഞ്ഞ മേയില്‍ ഡിഎംഒക്ക് കത്ത് നല്‍കിയിരുന്നു. പോഷകാഹാരകുറവുള്ള കുട്ടികളെ വേര്‍തിരിച്ച് പോഷകമൂല്യമുള്ള ആഹാരം നല്‍കണമെന്ന നിര്‍ദേശം ശിശുക്ഷേമസമിതി കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും കത്തിലുണ്ട്.

മുഴുവന്‍ സമയ ഡയറ്റീഷ്യനെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയും ഡിഎംഒക്ക് കത്ത് നല്‍കിയിരുന്നു.