world

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു

By webdesk18

November 20, 2025

ഗസ്സയും തെക്കന്‍ ലബനാനിലുമുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 10നും പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രാഈല്‍ നാനൂറിലേറെ തവണ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ 300ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പറയുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കി ക്രൂരമായ നടപടികള്‍ തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്‍ കൂടുതല്‍ സഹായം എത്താഞ്ഞാല്‍ മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്‍കി.

അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്‍ പ്രദേശത്ത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നടത്തിയ സന്ദര്‍ശനത്തിനെതിരെ സിറിയ, ജോര്‍ദാന്‍ ഉള്‍പ്പെടെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.

തെക്കന്‍ ലബനാനിലെ ഐനുല്‍ ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്‍ക്കിങ്ങിനോടു ചേര്‍ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര്‍ താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്‍ഷം മുമ്പുണ്ടായ വെടിനിര്‍ത്തല്‍ കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന്‍ ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്‍ നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.