Film

‘രാജാസാബ്’ റിലീസിന് ഇനി 30 ദിവസം; മകരസംക്രാന്തിക്ക് പ്രഭാസ് ഒരുക്കുന്നത് ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്

By webdesk18

December 10, 2025

മകരസംക്രാന്തിയുടെ പശ്ചാത്തലത്തില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് എത്തുന്ന ഹൊറര്‍-ഫാന്റസി ചിത്രമായ ‘രാജാസാബ്’ ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇനി വെറും 30 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ ചിത്രത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ അത്യുഗ്രന്‍ പ്രതീക്ഷയാണ്.

വിഎഫ്എക്സ് സമ്പന്നമായ ദൃശ്യങ്ങളും പേടിപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ്. ആദ്യഗാനമായ ‘റിബല്‍ സാബ്’ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, സെറീന വഹാബ്, റിദ്ധി കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പങ്കുചേരുന്നു. കല്‍ക്കി 2898 എ.ഡി. എന്ന മെഗാഹിറ്റിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായതിനാല്‍ ‘രാജാസാബ്’യ്ക്കുള്ള ആകാംക്ഷ ഇരട്ടിയാകുകയാണ്.

മാരുതി സംവിധാനം ചെയ്യുകയും ടി.ജി. വിശ്വപ്രസാദ് പീപ്പിള്‍ മീഡിയ ഫാക്ടറി ബാനറില്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ സെറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിഎഫ്എക്സ് മേല്‍നോട്ടം ബാഹുബലിയിലൂടെ പ്രശസ്തനായ ആര്‍.സി. കമല്‍ കണ്ണന്‍ കൈകാര്യം ചെയ്യുന്നു. തമന്‍ എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയും എഡിറ്റിംഗ് കോത്തഗിരി വെങ്കടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഐതിഹ്യം, മിത്തുകള്‍, അമാനുഷിക ഘടകങ്ങള്‍, ഹൊറര്‍, ഫാന്റസി, ഹാസ്യം, റൊമാന്‍സ് എന്നിവ ഒക്കെ ഒരുമിച്ച് ചേര്‍ന്ന ഒരു പൂര്‍ണ എന്റര്‍ടെയ്നറായാണ് ‘രാജാസാബ്’ എത്തുന്നത്. ‘ Horrer is the New Humor ‘ എന്ന ടാഗ്ലൈനും ചിത്രത്തെ കുറിച്ചുള്ള കൗതുകം വര്‍ധിപ്പിച്ചിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ റിക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് ആരാധകരുടെയും സിനിമാസ്വാദകരുടെയും വിശ്വാസം. സംക്രാന്തിയുടെ ആഘോഷം പ്രഭാസ് മാജിക്കുമായി ചേര്‍ത്ത് ഏറ്റവും വലിയ ദൃശ്യ വിരുന്നായി തീര്‍ക്കാനാണ് ‘രാജാസാബ്’ ഒരുങ്ങുന്നത്.