മുംബൈ: മഹാരാഷ്ട്രയിലും കോണ്‍ഗ്രസിലേക്ക് ഘര്‍വാപസി. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമടക്കം 300 പേര്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. മുന്‍ എം.എല്‍.എ വിരേന്ദ്ര ബക്ഷി, മുന്‍ മുംബൈ ജില്ലാ പ്രസിഡന്റ് മനോജ് ദുബെ, രാജാ മിറാനി, 300 പ്രവര്‍ത്തകര്‍ എന്നിവരാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.

ജനങ്ങളുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന് കോണ്‍ഗ്രസ് മുംബൈ യൂണിറ്റ് ചീഫ് സഞ്ജയ് നിരുപം പറഞ്ഞു. പ്രധാന നേതാക്കളെല്ലാം ബി.ജെ.പി വിടുന്നത് ആ പാര്‍ട്ടിയുടെ ജനദ്രോഹ നയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേടിയ വിജയം പാര്‍ട്ടിക്ക് കൂടുതല്‍ ആത്മ വിശ്വസം പകരുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുന്നത്.