india

2024ല്‍ ബി.ജെ.പിക്ക് 300 സീറ്റുകള്‍; മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

By webdesk13

May 25, 2023

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. കോണ്‍ഗ്രസിന് നിഷേധാത്മക മനോഭാവമാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

അടുത്ത വര്‍ഷം 300ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടു.ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.എന്നാല്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോണ്‍ഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.