india

റഫേല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

By webdesk17

October 29, 2025

റഫേല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ ഈ യാത്ര. ഹരിയാന അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നാണ് രാഷ്ട്രപതി റഫേല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചത്. രാവിലെ വ്യോമസേനാ കേന്ദ്രത്തിലെത്തിയ രാഷ്ട്രപതിക്ക് വ്യോമസേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.

2023 ഏപ്രില്‍ എട്ടിനാണ് അസമിലെ തേസ്പൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്ന് സുഖോയ്-30 യുദ്ധവിമാനത്തില്‍ നേരത്തെ രാഷ്ട്രപതി സഞ്ചരിച്ചത്. എ.പി.ജെ അബ്ദുല്‍ കലാം, പ്രതിഭ പാട്ടില്‍, രാംനാഥ് കോവിന്ദ് എന്നിവര്‍ യുദ്ധവിമാനത്തില്‍ യാത്ര ചെയ്തിരുന്നു. കര, നാവിക, വ്യോമ സേനകളുടെ സുപ്രീം കമാന്‍ഡറാണ് രാഷ്ട്രപതി.

സുഖോയ് 30 എം.കെ.ഐ, ഇന്ത്യന്‍ വ്യോമസേനയുടെ കിരീടമെന്നാണ് അറിയപ്പെടുന്നത്. ഇതില്‍ രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. റഷ്യ വികസിപ്പിച്ചെടുത്ത സുഖോയ് വിമാനം നിര്‍മിച്ചത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിസ് ലിമിറ്റഡ് ആണ്. മുമ്പ് റോഡില്‍ ലാന്‍ഡ് ചെയ്ത് സുഖോയ് വിമാനം ചരിത്രം കുറിച്ചിരുന്നു.

വ്യോമസേനയുടെ കിഴക്കന്‍ വ്യോമ കമാന്‍ഡിന്റെ കീഴില്‍ വരുന്നതാണ് തേസ്പൂര്‍ വ്യോമസേനാകേന്ദ്രം. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളുടെ നിരീക്ഷണ ചുമതലയാണ് തേസ്പൂര്‍ വ്യോമസേനാ കേന്ദ്രത്തിനുള്ളത്.