india

35 ലക്ഷം സ്ത്രീധനതുക നല്‍കിയില്ല; യുപിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊന്നു

By webdesk18

August 23, 2025

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച യുപി ഗ്രേറ്റര്‍ നോയിഡയില്‍ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് ഭര്‍ത്താവും, ഭര്‍തൃമാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭര്‍ത്താവും മാതാവും ചേര്‍ന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

2016 ഡിസംബറില്‍ ആണ് ഇരുവരും വിവാഹിതരായത്. നിക്കി ദീര്‍ഘകാലമായി പീഡനം സഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിപിന്‍ ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 21 ന് രാത്രിയില്‍ നിക്കിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് അവളുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചയാളുടെ സഹോദരി വിപിനും കുടുംബത്തിനുമെതിരെ കസ്‌ന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു ഗ്രേറ്റര്‍ നോയിഡ എഡിസിപി സുധീര്‍ കുമാര്‍ പറഞ്ഞു.