kerala

മലപ്പുറത്ത് മഴ ശക്തം: 11 വീടുകള്‍ തകര്‍ന്നു

By webdesk14

July 06, 2023

മലപ്പുറം: കനത്ത മഴയിലും കാറ്റിലും തിരൂരങ്ങാടി, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളിലായി 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പൊന്നാനി നഗരം വില്ലേജ് പരിധിയിലെ മരയ്ക്കാര്‍ പള്ളി, ഹിലര്‍ പള്ളി മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 13 കുടുംബങ്ങളെ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മേഖലയിലെ നാല് വീടുകള്‍ ഏത് നിമിഷവും കടലെടുക്കാമെന്ന സ്ഥിതിയിലാണ്.

മണ്‍സൂണ്‍ തുടങ്ങിയ ശേഷമുള്ള മലപ്പുറം ജില്ലയിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പാണ് പൊന്നാനിയിലേത്. മലയോര മേഖലകളില്‍ ശക്തമായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ വീണിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ റോഡുകളിലെ ഗതാഗത തടസ്സങ്ങള്‍ നീക്കി. തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതര്‍.

പൊന്നാനി വില്ലേജ് പരിധിയിലും വെളിയങ്കോട് തണ്ണിത്തുറയിലുമായി തിരമാലകള്‍ ശക്തമായി ആഞ്ഞടിക്കുകയാണ്. തീരദേശ റോഡുകളെല്ലാം വെള്ളക്കെട്ടിലായി. അഞ്ചോളം വീടുകള്‍ തകര്‍ന്നു. 22 ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും വാടകവീട്ടിലേക്കും താമസം മാറി. നിരവധി വീടുകളിലേക്ക് വെള്ളം കയറി.