GULF

ഖത്തറിൽ നിന്ന് ഉംറക്ക് പോയ 4 ഇന്ത്യക്കാർ വാഹനാപകടത്തിൽ മരിച്ചു

By webdesk14

March 22, 2024

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറക്ക് പോയ മംഗലാപുരം സ്വദേശികളായ 4 പേർ വാഹനാപകടത്തിൽ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. സൗദി, മധ്യപ്രവിശ്യയിലെ സുൽഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടാണ്​ മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമി​ന്റെയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (മൂന്ന് വയസ്​), റാഹ (മൂന്ന് മാസം) എന്നിവർ മരിച്ചത്.

റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്‌നത്തി​ന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്നയുടെ മകൻ ഈസ (നാല്) അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു.

ചൊവ്വാഴ്ച സുബഹി നമസ്‌കരിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തി ബന്ധുക്കളോടൊപ്പം തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം.