india

ജമ്മു കശ്മീരില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ പിടിച്ചെടുത്ത് സൈന്യം

By webdesk13

July 18, 2023

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 4 പാക് ഭീകരര്‍ കൊല്ലപ്പെട്ടു. സുരന്‍കോട്ട് ബെല്‍റ്റിലെ സിന്ധാര ടോപ്പ് ഏരിയയില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

സിന്ധാര ടോപ്പ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മില്‍ വെടിവെയ്പ്പുണ്ടായി.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെ വെടിവെയ്പ്പ് പുനരാരംഭിക്കുകയും നാല് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തതായി ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. ഇവരില്‍ നിന്ന് നാല് എ.കെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.