സാംഗ്ലി: സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.
നടനും നിര്‍മാതാവുമായ വിഗ്യാന്‍ മാനെ(34) ആണ് പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പരാതി പ്രകാരം, 2023 ഡിസംബര്‍ 5-നാണ് വിഗ്യാന്‍ മാനെ പലാഷിനെ ആദ്യമായി കാണുന്നത്. തന്റെ പുതിയ സിനിമയായ ‘നസാരിയ’യില്‍ നിര്‍മ്മാതാവായി നിക്ഷേപം നടത്താന്‍ പലാഷ് ഇയാളെ ക്ഷണിക്കുകയായിരുന്നു.
25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമ്പോള്‍ 12 ലക്ഷം രൂപ ലാഭം നല്‍കാമെന്നും, കൂടാതെ ചിത്രത്തില്‍ ഒരു വേഷം നല്‍കാമെന്നും പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ പലതവണകളായി 40 ലക്ഷം രൂപ വിഗ്യാന്‍ മാനെ പലാഷിന് കൈമാറി. എന്നാല്‍ സിനിമ പൂര്‍ത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാന്‍ പോലീസിനെ സമീപിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷിന്റെ വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. പരാതിയെക്കുറിച്ച് പലാഷ് മുച്ഛല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.