kerala

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കും; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

By webdesk17

April 19, 2025

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സര്‍ക്കാര്‍ ഇല്ലായ്മയാണെന്നും നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ വാര്‍ഷികം ആഘോഷിക്കുന്നതിന് സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തെ സര്‍ക്കാര്‍ കടക്കെണിയിലാക്കിയെന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ കാരണം മലയോര മേഖലയിലെ ആളുകള്‍ പ്രയാസപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 4 മാസത്തിനിടയില്‍ 18 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തീരദേശവും വറുതിയിലാണ്. ക്ഷേമ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു