kerala

‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍

By webdesk14

July 02, 2025

വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്. പിരിച്ചുകിട്ടയതിൽ നിന്ന് ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തിരിമറി നടത്തിയെന്ന് തെളിയിച്ചാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നെന്നും രാഹുൽ ആരോപിച്ചു. “2 കോടി 40 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അതിൽ നിന്നും ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാൽ സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കാം. സുതാര്യമായാണ് സാമ്പത്തിക സമാഹരണം നടന്നത്,” യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.