കോട്‌ദ്വോര്‍: ഉത്തരാഖണ്ഡിലെ കോട്‌ദ്വോറില്‍ വയോധികനായ മുസ്‌ലിം കച്ചവടക്കാരനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ച ദീപക് കുമാറിനെതിരെ (മുഹമ്മദ് ദീപക്) വധഭീഷണി. ദീപക്കിന്റെ തലയെടുക്കുന്നവര്‍ക്ക് ഹിന്ദു രക്ഷാദള്‍ 5.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തുകയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
ജനുവരി 26-ന് കോട്‌ദ്വോറില്‍ വകീല്‍ അഹമ്മദ് എന്ന 70 വയസ്സുകാരന്റെ തുണിക്കടയ്ക്ക് നേരെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഈ സമയത്ത് ഇടപെട്ട ദീപക് കുമാര്‍ അക്രമികളെ തടഞ്ഞ് വയോധികനെ സംരക്ഷിക്കുകയായിരുന്നു.
അക്രമികള്‍ പേര് ചോദിച്ചപ്പോള്‍, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്നാണെന്ന് അദ്ദേഹം മറുപടി നല്‍കി. മാനവികത ഉയര്‍ത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം സമൂഹ മാധ്യമത്തില്‍ വൈറലാവുകയും രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ദീപക്കിന്റെ നിലപാടില്‍ പ്രകോപിതരായ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിനിടെയാണ് ദീപക്കിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.