gulf

വിമാനാപകടത്തിന് ശേഷം 5 വര്‍ഷം: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തും

By webdesk17

August 20, 2025

കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് വിമാനാപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, ഒക്ടോബര്‍ 27 മുതല്‍ റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിനുള്ള ടെന്‍ഡറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ് സര്‍വീസിന് ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇതു കാരണം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയ്ക്ക് 40,000 രൂപ അധികമായി വന്നിരുന്നു.

വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിലെ പ്രധാന പ്രശ്‌നം. എന്നാല്‍ കരാറുപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികള്‍ക്കേ ഹജ് സര്‍വീസ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ വലിയ വിമാനങ്ങളുമായി സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ്, ഇപ്പോള്‍ ഏകദേശം 200 യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയര്‍ബസ് 321 ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരക്ക് കൂടിയതുകൊണ്ട് ഇത്തവണ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ കരിപ്പൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അവസരം ലഭിച്ചവരില്‍ വെറും 636 പേര്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെങ്കില്‍ നിരക്ക് കുറയാനാണ് സാധ്യത.

തീയതി നീട്ടണമെന്ന് ഹജ് കമ്മിറ്റി കരിപ്പൂര്‍ വഴി ഹജ് പോകാന്‍ തെരഞ്ഞെടുത്തവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്നാണ്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി, കേന്ദ്ര ഹജ് കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്.