മുംബൈ: ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്നറിയപ്പെടുന്ന മുംബൈയില്‍, യാത്രക്കാരുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകള്‍ ഇന്ന് മരണക്കെണിയായി മാറുകയാണെന്ന് മുംബൈ സ്വദേശിയായ യുവതി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. മുദ്രിക കവാദിയ എന്ന യുവതിയാണ് എക്സ് (ട്വിറ്റര്‍) വഴി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്കിനെതിരെ ആശങ്ക ഉയര്‍ത്തിയത്.
1,200 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു ലോക്കല്‍ ട്രെയിന്‍ കോച്ചില്‍ നിലവില്‍ 5,000ലധികം പേര്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നതായി മുദ്രിക തന്റെ കുറിപ്പില്‍ പറയുന്നു. ‘മുംബൈയുടെ ജീവനാഡി ഒരിക്കലും യാത്രക്കാരുടെ ജീവന് ഭീഷണിയാകരുത്’ എന്നായിരുന്നു അവരുടെ പ്രതികരണം. പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയത്.
നഗരത്തില്‍ ആകാശത്തിലും കടലിനടിയിലും റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴും, ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കാന്‍ യാതൊരു ഗൗരവമായ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ഒരു ഉപയോക്താവ് വിമര്‍ശിച്ചു. ‘മുംബൈയുടെ സ്പിരിറ്റ്’ എന്ന പേരില്‍ ഈ അപകടകരമായ അവസ്ഥയെ ന്യായീകരിക്കുന്നത് വലിയ അപകടമാണെന്നും മറ്റൊരു കമന്റില്‍ ചൂണ്ടിക്കാട്ടി.
ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ വിമര്‍ശനം. കഴിഞ്ഞ ശനിയാഴ്ച ബദ്‌ലാപൂര്‍ സ്റ്റേഷനില്‍ ജോലിക്ക് പോകുന്നതിനിടെ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ചേതന ദേവരുഖ്കര്‍ എന്ന യുവതി, തിരക്കിനിടയില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണു മരിച്ചതും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.