film

56-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപനം; സുവര്‍ണ മയൂരത്തിന് സര്‍ക്കീട്ട്‌ ഉള്‍പ്പെടെ 15 സിനിമകള്‍

By webdesk17

November 28, 2025

പനജി : 56-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബര്‍ 20 മുതല്‍ നടന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഏറ്റുമുട്ടുന്നത്. ആസിഫ് അലി നായകനായി തമര്‍ കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്‌, രാജ്കുമാര്‍ പെരിയസാമിയുടെ അമരന്‍, സന്തോഷ് ധവക്കിന്റെ ഗോന്ധല്‍ എന്നിവയാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് മത്സരരംഗത്തെത്തിയ ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തിന് സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ജൂറി ചെയര്‍മാന്‍. ശ്യാമപ്രദാസ് മുവര്‍ജി ഓഡിറ്റോറിയത്തിലാണ് വൈകിട്ട് നാല് മണിക്ക് സമാപനചടങ്ങുകള്‍ ആരംഭിക്കുക. കേന്ദ്ര വാര്‍ത്താ വിനിയോഗപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. രജനികാന്തിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും ലഭിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും. മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും. മികച്ച സംവിധായകന്‍, നടന്‍, നടി, നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് എ.ആര്‍.എം. എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ മികച്ച നവാഗത സംവിധായകിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുകയാണ്. മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നേടിയത്. ഈ വര്‍ഷത്തെ സമാപനചിത്രമായി തായ്‌ലന്‍ഡില്‍ നിന്നുള്ള എ യൂള്‍ ഗോസ്റ്റ് പ്രദര്‍ശിപ്പിക്കും. രാച്ചപും ബൂംബുന്‍ചാച്ചോകാണ് ചിത്രം സംവിധാനം ചെയ്തത്. മേളയുടെ എട്ടാം ദിനത്തില്‍ നടന്ന ‘ ഫയര്‍ ‘ പരിപാടിയില്‍ ചലച്ചിത്രനിരൂപകന്‍ ഭരദ്വാജ രംഗനൊപ്പമാണ് ആമിര്‍ ഖാന്‍ സംസാരിച്ചത്. ഇന്നലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പോയറ്റ് ഉം മലയാളചിത്രം സര്‍ക്കിറ്റ് ഉം പ്രദര്‍ശനത്തിനെത്തി.