News

അഞ്ചാം ക്ലാസുകാരന് മര്‍ദനം; പരീക്ഷക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിന് അധ്യാപകന്റെ കൈയേറ്റം

By webdesk17

December 19, 2025

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കല്‍ സ്വദേശി സക്കീറിന്റെ മകന്‍ മിസ്ബായെയാണ് സ്‌കൂളില്‍ വച്ച് അധ്യാപകന്‍ മര്‍ദിച്ചത്. കുട്ടി നിലവില്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലെ അധ്യാപകന്‍ സന്തോഷിനെതിരെയാണ് പരാതി. പരീക്ഷയ്ക്കിടെ ചോദ്യം കേട്ടില്ലെന്ന് പറഞ്ഞതിനാണ് അധ്യാപകന്‍ മര്‍ദിച്ചതെന്ന് അഞ്ചാം ക്ലാസുകാരന്‍ പറഞ്ഞു. കുട്ടിയെ ഇടിക്കുകയും കൈയില്‍ പിച്ചുകയും ചെയ്തുവെന്ന് മൊഴിയിലുണ്ട്. കൈയുടെ തോളിലാണ് അടിയേറ്റതെന്നും കുട്ടി വ്യക്തമാക്കി.

ക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ‘എന്തിനാണ് ഇടിച്ചത്‌ എന്ന് ചോദിച്ചതിന് ‘നിനക്ക് എന്താ കാര്യം’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും കുട്ടി പറഞ്ഞു. അടിച്ചതിന് ശേഷം ക്ലാസിന് പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും കുട്ടി മൊഴി നല്‍കി. മകന്‍ വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് കുട്ടിയുടെ അമ്മ ഷക്കീല പറഞ്ഞു. കുട്ടിയുടെ തോളിലെ എല്ലിന് പൊട്ടലുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംഭവം നടന്ന ദിവസം വൈകിട്ട് അധ്യാപകന്‍ വീട്ടിലേക്ക് വിളിച്ച് സംഭവിച്ചതെല്ലാം സമ്മതിച്ചതായും അമ്മ പറഞ്ഞു. അധ്യാപകന്റെ നടപടി ഗുണ്ടായിസമാണെന്നും ഷക്കീല ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദ്യം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. അധ്യാപകനെതിരെ നടപടി വേണമെന്ന് സ്‌കൂള്‍ പിടിഎയും ആവശ്യപ്പെട്ടു. വിഷയം അറിയിച്ച് അധ്യാപകനെ വിളിച്ചപ്പോള്‍ ദാഷ്ട്യത്തോടെ പെരുമാറിയെന്ന് പിടിഎ പ്രസിഡന്റ് ഒ. എ. ഹാരീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.