india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

By webdesk14

June 05, 2025

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.