ശബരിമലയില്‍ 65 ദിവസം നീണ്ടുനിന്ന മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് ഔദ്യോഗികമായി സമാപനം കുറിച്ചു. ഇതോടെ അയ്യപ്പക്ഷേത്ര നട അടയ്ക്കുകയും തിരുവാഭരണവുമായി പന്തളത്തേക്കുള്ള മടക്കഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. തീര്‍ഥാടന സമാപനദിനമായ ഇന്ന് രാവിലെ അഞ്ചിന് നട തുറന്നു. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര്‍ മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം നടന്നു. രാവിലെ 6.45 നാണ് ശബരിമല നട അടച്ചത്. സമാപന ചടങ്ങുകളുടെ ഭാഗമായി പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മ്മ രാവിലെ ദര്‍ശനം നടത്തി.
നട അടച്ചതിന് പിന്നാലെ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി. തുടര്‍ന്ന് കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച ശേഷം ശ്രീകോവിലിനു പുറത്തിറങ്ങി നട അടച്ചു. ക്ഷേത്രത്തിന്റെ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീനിവാസന്‍ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും രാജപ്രതിനിധിക്ക് നല്‍കി.
ഇതോടെ തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. ഗുരുസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം വനപാതയിലൂടെ തിരുവാഭരണ പേടകവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് ഘോഷയാത്രയായി നീങ്ങി. തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് എത്തിച്ചേരും. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിനാണ് ശബരിമലയില്‍ സമാപനം കുറിക്കപ്പെട്ടത്.