ബെയ്ജിംഗ് : ഇന്‍ഷുറന്‍സ് തുക നേടുന്നതിനായി സ്വന്തം ഏഴ് വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിനും കൂട്ടുപ്രതിയായ ബന്ധുവിനും ചൈനയിലെ ഹൈക്കോടതി വധശിക്ഷ വിധിച്ചു. 2020 ഒക്ടോബറിലാണ് മനുഷ്യനെ നടുങ്ങിക്കുന്ന സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം ഇന്‍ഷുറന്‍സ് തുക വഴി പണം കണ്ടെത്താനായിരുന്നു പ്രതി സ്വാങിന്റെ ഗൂഢാലോചന. ഇതിനായി ട്രക്ക് ഡ്രൈവറായ ബന്ധുവിനെയും കൂട്ടുപിടിച്ചു. കുട്ടിക്ക് വേണ്ടി രണ്ട് വലിയ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം ‘അപകടമെന്ന’ പേരില്‍ കൊലപാതകം നടപ്പിലാക്കുക എന്നതായിരുന്നു പദ്ധതി. സംഭവ ദിവസം സ്വാങ് മകനെ കാറില്‍ ഇരുത്തി പുറത്തേക്ക് ഇറങ്ങുകയും കുട്ടിയോട് അകത്ത് തന്നെ ഇരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ ബന്ധുവായ ട്രക്ക് ഡ്രൈവര്‍ കാറിലേക്ക് ഇടിച്ചുകയറ്റി കുട്ടിയെ കൊല്ലുകയായിരുന്നു. പിന്നീട് പൊലീസിന് മുന്നില്‍ തകര്‍ന്ന പിതാവായി സ്വാങ് അഭിനയിക്കുകയും ചെയ്തു. അപകടമെന്ന പേരില്‍ സ്വാങിന് 1,80,000 യുവാന്‍ (ഏകദേശം 22.5 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കുകയും ഇതില്‍ നിന്ന് 3.5 ലക്ഷം യുവാന്‍ ബന്ധുവിന് നല്‍കുകയും ചെയ്തു. എന്നാല്‍ ട്രക്ക് ഓടിച്ച ലൈസന്‍സ് വ്യാജമാണെന്ന് പിന്നാലെ കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കാന്‍ വിസമ്മതിച്ചതോടെ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു. കോടതി പിന്നീട് 1.25 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ഉത്തരവിന്റെ ഭാരത്തില്‍ പരിഭ്രാന്തനായ ബന്ധു യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയത് മുന്‍കൂട്ടിയൊരുക്കിയ ഗൂഢാലോചനയായിരുന്നുവെന്ന് വ്യക്തമായി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് സ്വാങിനും കൂട്ടുപ്രതിക്കും കോടതി വധശിക്ഷ വിധിച്ചു. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് സ്വാങ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.