ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘കര്‍ണാടക വിദ്വേഷ പ്രസംഗ – വിദ്വേഷ കുറ്റകൃത്യ നിരോധന ബില്‍ 2025’ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഭരണഘടനാപരമായ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം.
ബില്‍ പ്രകാരം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെ തടവായും ഒരു ലക്ഷം രൂപ പിഴയായും വര്‍ദ്ധിക്കും.
വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം നടത്തുന്നത് കുറ്റകരമാകും. കൂടാതെ വിദ്വേഷം പടര്‍ത്തുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതേസമയം ഏതെങ്കിലും സംഘടന വഴിയാണ് വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നതെങ്കില്‍ അതിന്റെ ഭാരവാഹികളും കുറ്റക്കാരാകും.
ബെലഗാവിയില്‍ നടന്ന ശൈത്യകാല സമ്മേളനത്തിലാണ് സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയത്. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി പ്രതിഷേധമുയര്‍ത്തിയിരുന്നു.
സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് ഈ നിയമം കൊണ്ടുവന്നതെന്നും ഗവര്‍ണര്‍ മനഃപൂര്‍വം തടയുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര കുറ്റപ്പെടുത്തി.