Connect with us

News

75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ: കേരള പുരുഷ–വനിത ടീമുകൾക്ക് ജയത്തോടെ തുടക്കം

കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.

Published

on

ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിത ടീമുകൾ വിജയത്തോടെ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.

പുരുഷന്മാരുടെ മത്സരത്തിൽ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ നിർണായക രണ്ട് പോയന്റുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി; ജിഷ്ണു ജി. നായർ 15 പോയന്റും നേടി.

വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്പും സൂസൻ ഫ്ലോറന്റീനയും 14 പോയന്റുകൾ വീതം നേടി. ആദ്യ മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ ഇരുടീമുകളും ടൂർണമെന്റിൽ ആത്മവിശ്വാസം നേടി മുന്നേറുകയാണ്.

News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വോള്‍വ്‌സിന് ആദ്യജയം

ജോണ്‍ അറിയാസ് (4), ഹുവാങ് ഹീ ചാന്‍ (31, പെനാല്‍റ്റി), മാത്യൂസ് മാനെ (41) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്.

Published

on

ലണ്ടന്‍: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ വോള്‍വ്‌സ് ആദ്യജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ജോണ്‍ അറിയാസ് (4), ഹുവാങ് ഹീ ചാന്‍ (31, പെനാല്‍റ്റി), മാത്യൂസ് മാനെ (41) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്. ആറ് പോയന്റുമായി പട്ടികയുടെ അടിത്തട്ടില്‍ 20-ാം സ്ഥാനത്തുള്ള വോള്‍വ്‌സിന് ഇതുവരെ ഒരു ജയവും മൂന്ന് സമനിലയും 16 തോല്‍വിയുമാണ്. തരംതാഴ്ത്തല്‍ ഭീഷണി ശക്തമാണ്.

പോയന്റ് പട്ടികയില്‍ ലീഡ് കൂട്ടി ആഴ്‌സനല്‍ കിരീടപ്പോരാട്ടത്തില്‍ മുന്നേറുന്നു. ബോണ്‍മൗത്തിന്റെ മൈതാനത്ത് പത്താം മിനിറ്റില്‍ പിറകിലായ ശേഷമാണ് ഗണ്ണേഴ്‌സ് തിരിച്ചടിച്ചത്. എവാനില്‍സണ്‍ (10) ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചെങ്കിലും 16-ാം മിനിറ്റില്‍ ഗബ്രിയേല്‍ സമനില നേടി. രണ്ടാം പകുതിയില്‍ ഡെക്ലാന്‍ റൈസ് (54, 71) ഇരട്ടഗോള്‍ നേടി വിജയം ഉറപ്പിച്ചു. 76-ാം മിനിറ്റില്‍ എലി ജൂനിയര്‍ ക്രൂപ്പി ഒരു ഗോള്‍ മടക്കിയെങ്കിലും 32 ജയം ആഴ്‌സനലിനൊപ്പം. 20 മത്സരങ്ങളില്‍ 48 പോയന്റുമായാണ് ആഴ്‌സനല്‍ മുന്നില്‍.

ലീഡ്‌സ് യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ തളര്‍ന്നു. 62-ാം മിനിറ്റില്‍ ബ്രണ്ടന്‍ ആരോണ്‍സണ്‍ ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും 65-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ റെഡ് ഡെവിള്‍സിനായി സമനില ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റിചെല്‍സി മത്സരം ഞായറാഴ്ച നടക്കാനിരിക്കെ, 31 പോയന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

News

യു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.

Published

on

സിയോൾ: യു.എസ് വെനസ്വേലയിൽ സൈനികമായി ഇടപെട്ടതിനു പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്. ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.

തൊടുത്ത മിസൈൽ ഏകദേശം 900 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണകൊറിയയും യു.എസ്ും പ്രതികരിച്ചു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മിസൈൽ പരീക്ഷണം നടന്നതായി ജപ്പാനും സ്ഥിരീകരിച്ചു. നവംബറിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.

ഇതിനിടെ, മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ യു.എസ് സേന വെനസ്വേലയിൽ കടന്നുകയറിയിരുന്നു. തലസ്ഥാനമായ കറാക്കസിൽ വ്യോമാക്രമണം നടത്തിയ ശേഷം പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തിയ യു.എസ് സേന, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയതായാണ് റിപ്പോർട്ട്.

ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. സംഭവത്തെ സാമ്രാജ്യത്വ ആക്രമണമെന്നു വിശേഷിപ്പിച്ച വെനസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Continue Reading

News

വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്

പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

Published

on

കറാക്കസ്: വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സുപ്രീംകോടതി നിയമിച്ചു. ഭരണഘടനയിലെ 233, 234 വകുപ്പുകൾ പ്രകാരമാണ് അധികാര കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

യു.എസ് നടത്തിയ കടന്നുകയറ്റത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദികളാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മദുറോ പിടിക്കപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2018 മുതൽ മദുറോ മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്ന ഡെൽസി റോഡ്രിഗസ്, പ്രസിഡന്റ് പരമ്പരയിലെ അടുത്ത സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും രഹസ്യാന്വേഷണ വിഭാഗങ്ങളും അവരുടെ മേൽനോട്ടത്തിലായിരുന്നു. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ് അവർ.

മദുറോ പിടിക്കപ്പെട്ടതിന് പിന്നാലെ ഡെൽസി റോഡ്രിഗസ് തനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും സംസാരിച്ചതായും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ സമ്മതിച്ചുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ റോഡ്രിഗസിന്റെ ഔദ്യോഗിക പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.

വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച ഡെൽസി റോഡ്രിഗസ്, അമേരിക്കൻ നേതൃത്വത്തിൽ മറ്റ് രാജ്യങ്ങൾ വെനസ്വേലയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യു.എൻ പൊതുസഭയിൽ തുറന്നടിച്ചിരുന്നു. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി അവർ പ്രവർത്തിച്ചു വരുന്നു.

1969 മേയ് 18ന് കറാക്കസിൽ ജനിച്ച ഡെൽസി റോഡ്രിഗസ്, 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളിയായ ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസ് നിലവിൽ ദേശീയ അസംബ്ലിയുടെ പ്രസിഡന്റാണ്. 2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്ന അവർ 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2017–18 കാലത്ത് ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയുമായിരുന്നു. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടി; വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.

ഇതിനിടെ, ശനിയാഴ്ച കറാക്കസിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ അനുകൂല റാലികൾ നടന്നു. പ്രതിഷേധക്കാർ അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനാൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണ്.

Continue Reading

Trending