Article

ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍

By Akhila

March 10, 2026

അഡ്വ.പി.എം.എ സലാം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്‌ലിംലീഗ് പിറവി കൊള്ളുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന സുസ്ഥിര ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഭാഗധേയം സംബന്ധിച്ച് കൃത്യമായ അജണ്ടകളില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോയപ്പോള്‍ അനിവാര്യതയുടെ രാഷ്ട്രീയം എന്ന നിലയിലാണ് സംഘടന മുന്നോട്ട് പോയത്. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രം അഭിമാനകരമാണ്. വിഭജനവും സ്വാതന്ത്ര്യവും ഒന്നിച്ച് വന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇനിയെന്ത് എന്നറിയാതെ വിഹ്വലതയില്‍ കഴിഞ്ഞ ഒരു ജനതക്ക് മുസ്‌ലിംലീഗ് ആത്മവിശ്വാസവും ധൈര്യവും നല്‍കി. രാഷ്ട്രീയ ബോധവും സുരക്ഷിതത്വ ബോധവും നല്‍കി. മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണം എന്ന് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തന പദ്ധതികളിലൂടെ തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, മതസാഹോദര്യം സംരക്ഷിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളുമായി പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, ബി. പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു നേതൃനിരയുടെ ബലത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആദ്യകാലങ്ങളില്‍ ആക്ഷേപിച്ചവരും വിമര്‍ശിച്ചവരും മുസ്‌ലിംലീഗിനെ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമുദായ ഐക്യവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും അജണ്ടയാക്കിയ പാര്‍ട്ടി മതനിരപേക്ഷ ഇന്ത്യയിലെ അനിവാര്യമായ രാഷ്ട്രീയമായി മാറുകയായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും ഭരണഘടനാ നിര്‍മാണ വേളയിലെ സുപ്രധാന നിമിഷങ്ങളിലും മുസ്‌ലിംലീഗ് അംഗങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് ബഹുസ്വര ഇന്ത്യയെക്കുറിച്ച് ഓര്‍മപ്പെടുത്താനായിരുന്നു. ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിലും ആ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിന്റെ ദൗത്യമെന്ന് രാഷ്ട്രശില്‍പികളെ ബോധ്യപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് അംഗങ്ങള്‍ വിജയിച്ചു. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ഏറിയ പങ്കും മുസ്‌ലിംലീഗിന്റെ അംഗങ്ങള്‍ ഭരണഘടനാ അസംബ്ലിയില്‍ പോരാടി നേടിയതാണ് എന്നതില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്.

ചരിത്രപണ്ഡിതന്‍ ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. ‘എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങള്‍ക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങള്‍ സെക്കുലര്‍ രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വരക്ഷക്കും ന്യായമായ അവകാശങ്ങള്‍ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നല്‍കുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്’. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശങ്ങളുടെ കാവലിനും മുസ്‌ലിംലീഗ് മുന്‍ഗണന നല്‍കി. ആരുടെയും അവകാശങ്ങളില്‍നിന്ന് ഒരു മുടിനാരിഴ പോലും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടില്ല. എന്നാല്‍, സമുദായത്തിന്റെ അവകാശങ്ങളില്‍നിന്ന് മുടിനാരിഴ പോലും വിട്ടുകൊടുത്തതുമില്ല. നാളിതുവരെയുള്ള മുസ്‌ലിംലീഗിന്റെ ചരിത്രത്തില്‍ എവിടെയും ഇതര സമുദായങ്ങളെ ദ്രോഹിച്ചതിന്റെയോ മറ്റു സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ചതിന്റെയോ തെളിവുകള്‍ ലഭിക്കില്ല. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഭരണഘടനയില്‍ എഴുതിവെക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. മുസ്‌ലിംലീഗിനെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളീയ പൊതുസമൂഹം അതിന് വിലകല്‍പിക്കാത്തതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസ്യതയും സ്‌നേഹവും സഹകരണവും ഏറ്റുവാങ്ങിയാണ് മുസ്‌ലിംലീഗ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.

2014ന് ശേഷം രാജ്യം അതിന്റെ മതനിരപേക്ഷ സ്വഭാവത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിത് സമൂഹവും വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. മതത്തിന്റെ പേരിലായിരുന്നു ഈ അക്രമങ്ങളെല്ലാം. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വത്തെ സ്ഥാപിക്കാന്‍ ഭരണകൂടം അശ്രാന്ത പരിശ്രമം തുടരുന്നു. ഏകീകൃത സിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി പ്രതിലോമകരമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ, ഭരണഘടനയുടെ ആത്മസത്തയായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുടെ മേല്‍ നിരന്തരം കത്തിവെച്ചുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിക്കുന്നത്. 1957 ലെ ആദ്യ നിയമസഭ മുതല്‍ എല്ലാ നിയമസഭകളിലും സുസ്ഥിര പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ തൂത്തെറിയുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഇടത് ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനം ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളോളം പാര്‍ട്ടി നേതൃത്വത്തില്‍ പ്രശോഭിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകളുമായാണ് കേരള സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നാളെ കോഴിക്കോട്ട് സ്ഥാപകദിന പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രിയപ്പെട്ട പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പച്ചപ്പതാകയുടെ തണലില്‍ അഭിമാനത്തോടെ നമുക്ക് മുന്നേറാം.