മുംബൈയില്‍ കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.
നവംബര്‍ 1 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയുമാണ് ഈ കാലയളവില്‍ കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പവൈ, മാല്‍വാനി, കുര്‍ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്‍:
ജൂണ്‍: 26 കുട്ടികള്‍ (എല്ലാവരും പെണ്‍കുട്ടികള്‍)
ജൂലൈ: 25 കുട്ടികള്‍ (15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും)
ഓഗസ്റ്റ്: 19 കുട്ടികള്‍ (5 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും)
സെപ്റ്റംബര്‍: 21 കുട്ടികള്‍ (6 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)
ഒക്ടോബര്‍: 19 കുട്ടികള്‍ (12 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും)
നവംബര്‍: 24 കുട്ടികള്‍ (9 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)
ഡിസംബര്‍ (ഇതുവരെ): 11 കുട്ടികള്‍ (5 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും)