ന്യൂഡല്‍ഹി: 500, 1000 രൂപയുടെ അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 30 വരെയായിരുന്നു അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സമയം കൊടുത്തിരുന്നത്. ഡിസംബര്‍ 30വരെ 14.97 ലക്ഷംകോടി അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രചാരണത്തിലുള്ള 15.4 ലക്ഷം കോടി നോട്ടുകളില്‍ മൂന്നു മുതല്‍ 5 ലക്ഷംകോടി വരെ നോട്ടുകള്‍ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

കള്ളപ്പണമായി സൂക്ഷിച്ചവയായിരിക്കും ബാങ്കുകളില്‍ തിരിച്ചെത്താത്ത നോട്ടുകള്‍ എന്നാണ് നവംബര്‍ എട്ടിന് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്‍വലിച്ച നോട്ടുകളില്‍ 97 ശതമാനം തിരിച്ചെത്തിയതോടെ നോട്ട് അസാധുവാക്കല്‍ തീരുമാനം പാളിപ്പോയെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ എട്ട് ലക്ഷംകോടിയുടെ പുതിയ നോട്ടുകള്‍ മാത്രമാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. നോട്ട് പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് ഈ കണക്ക് തന്നെ ധാരാളം മതി.

എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ധനമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തയ്യാറായില്ല. അതേസമയം അസാധുനോട്ടുകള്‍ സ്വീകരിക്കുന്നത് പൂര്‍ണമായും അവസാനിച്ചിട്ടില്ല. റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ ചെന്നാല്‍ അസാധുനോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് ഇപ്പോഴും അവസരമുണ്ട്. മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. അതേസമയം തിരിച്ചെത്തിയ ബാങ്കുകളുടെ കണക്കെടുപ്പ് തുടരുകയാണെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.