kerala

പോലീസ് മര്‍ദനം ഫോണില്‍ പകര്‍ത്തി; കാസര്‍ഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പോലീസ് അതിക്രമം

By webdesk18

October 27, 2025

കാസര്‍ഗോഡ് മൊഗ്രാലില്‍ നാട്ടുകാരെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ 17 കാരന് നേരെ കുമ്പള പോലീസിന്റെ ക്രൂര മര്‍ദനം. സംഭവത്തില്‍ പരാതിയുമായി സ്‌റ്റേഷനിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കാനും പൊലീസ് ശ്രമിച്ചതായി പരാതി.

ഒക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തിനിടയിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലേക്ക് നീങ്ങുകയും റോഡിലേക്ക് തര്‍ക്കം നീളുകയും ചെയ്തതോടെ കുമ്പള പോലീസ് സ്ഥലത്തെത്തുകയും സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത നാട്ടുകാരെയും പോലീസ് മര്‍ദിക്കുകയായിരുന്നു. കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദിച്ചതായും മര്‍ദമനേറ്റ 17കാരന്‍ പറയുന്നു.

പരിക്കേറ്റ 17 കാരനെ അടുത്ത ബന്ധുവെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിഷയം പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും വിഷയം പോലീസില്‍ അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും സ്‌റ്റേഷനിലെത്തി. മൊഴി രേഖപ്പെടുത്താനാവും വിളിച്ചുവരുത്തിയിട്ടുണ്ടാകുയെന്നാണ് കുടുംബം വിചാരിച്ചത്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്റിമേഷന്‍ എത്തിയ സമയം ഒപ്പിടാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി വ്യാജകേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

പതിനേഴുകാരനെയും സുഹൃത്തുക്കളെയും കടയുടെ മുന്നില്‍ നിന്നും പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയട്ടുണ്ട്.